കടുത്തുരുത്തി: കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു മന്ത്രി മോന്‍സ് ജോസഫ്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും എത്തിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആയാംകുടി ഗവണ്മെന്റ് എല്‍പി സ്കൂളിലെയും എഴുമാന്തുരുത്ത് ഗവണ്മെന്റ് യുപി സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മാഞ്ഞൂര്‍ സൗത്ത് ഗവണ്മെന്റ് ഹൈസ്കൂളിലെ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. വെള്ളം ഇറങ്ങിയശേഷം രോഗങ്ങള്‍ പടരാതിരിക്കാനും മാലിന്യങ്ങള്‍ നീക്കുന്നതിനും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. വരുംകാലങ്ങളില്‍ സമാന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
മുട്ടുചിറയില്‍നിന്ന് എഴുമാന്തുരുത്തു വഴിയുള്ള റോഡിന്റെ പുനര്‍നിര്‍മാണം പത്തിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജലനിരപ്പ് താഴുന്നതോടെ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ജനപ്രതിനിധികളും വൈക്കം തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും കാരിത്താസ് ആശുപത്രി അധികൃതരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.











