Home അമേരിക്ക ടൊറോന്റോ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ഇന്റർനാഷണൽ വടംവലി മത്സരത്തില്‍ ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായി

ടൊറോന്റോ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ഇന്റർനാഷണൽ വടംവലി മത്സരത്തില്‍ ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായി

86
0

ടൊറോന്റോ സോഷ്യൽ ക്ലബ് ജൂൺ 27നു മിസ്സിസ്സാഗായിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പ് കായിക ആവേശത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ഉത്സവമായി വൻ വിജയത്തോടെ സമാപിച്ചു. ആവേശം നിറഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായി ജെയിംസ് ഓട്ടോ ഗ്രൂപ്പ് എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി. പരിപാടിയിൽ മിസിസാഗ മേയർ കരോളിൻ പാരിഷ്, ഒന്റാറിയോ പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം സിൽവിയ ഗ്വാൽട്ടിയേരി, ബോബൻ ജെയിംസ് (James Auto Group),രാഷ്ട്രീയ-സാമൂഹിക നേതാക്കളായ ടോമി കൊക്കാട്ട്, ബെലെന്റ് മാത്യു, ജോമോൻ കുടിയിരുപ്പിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംഘാടകരെയും മത്സരാർത്ഥികളെയും അഭിനന്ദിച്ചു. ടൂർണമെന്റിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ടൊറോന്റോ സോഷ്യൽ ക്ലബ് പ്രസിഡന്റ് ദീപു മലയിൽ, ഈ മഹത്തായ പരിപാടിയുടെ വിജയത്തിന് നിർണായക പിന്തുണ നൽകിയ സുപ്രീം സ്പോൺസറായ ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ ഉടമ ശ്രീ. ബോബൻ ജെയിംസിന് പ്രത്യേക നന്ദി രേഖപ്പെടുത്തി.

“ഈ ടൂർണമെന്റിന്റെ വൻ വിജയത്തിന് പിന്നിൽ ശ്രീ. ബോബൻ ജെയിംസിന്റെ ഉദാരമായ പിന്തുണയും പ്രോത്സാഹനവും നിർണായകമായിരുന്നു. അതോടൊപ്പം എല്ലാ സ്പോൺസർമാർക്കും, ഇവന്റ് പാർട്ണർമാർക്കും, പങ്കെടുത്ത ടീമുകൾക്കും, ഈ പരിപാടിയെ അവിസ്മരണീയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ദീപു മലയിലിന്റെ നേതൃത്വത്തിൽ, ടഗ് ഓഫ് വാർ കമ്മിറ്റി ചെയർമാൻ മോൻസി തോമസ്, വൈസ് പ്രസിഡന്റ് സോജിൻ ജോസഫ്, സെക്രട്ടറി ജിക്കു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് പടിയാനിക്കൽ , ട്രഷറർ ബാബ്ലു തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ജിബിൻ ബേബി, സന്ദീപ് എന്നിവരുടെ ഏകോപനത്തിൽ വിവിധ കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചതാണ് പരിപാടിയുടെ വിജയത്തിന് പ്രധാന കാരണമായത്. സന്തോഷ് മേക്കരയുടെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിക്കുകയും ക്ലബ് അംഗങ്ങളുടെ കൂട്ടായ പരിശ്രമവും ടൂർണമെന്റിനെ മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ സഹായിച്ചു.

ടൂർണമെന്റിൽ രണ്ടാം സ്ഥാനം കോട്ടയം ബ്രതെർസും മൂന്നാം സ്ഥാനം ന്യൂ യോർക്ക് കിങ്‌സും കരസ്ഥമാക്കി. കായികമികവും കൂട്ടായ്മയും സാമൂഹിക സൗഹൃദവും ഒരുപോലെ ഉയർത്തിപ്പിടിച്ച ഈ ടൂർണമെന്റ് ടൊറോന്റോയിലെ മലയാളി സമൂഹത്തിന്റെ അഭിമാന നേട്ടമായി മാറുകയും, ഭാവിയിലും കൂടുതൽ വിപുലമായ രീതിയിൽ ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous articleഷിക്കാഗോ സീറോ മലബാർ രൂപത രജത ജൂബിലി കൺവൻഷൻ : കൺവൻഷൻ നഗരിയിൽ “ജറൂസലേം” പുന:സൃഷ്ടിക്കുന്നു..
Next articleമും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ൽ

Leave a Reply