ദുബായ്: യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ടതോടെ ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ഏപ്രിലിൽനിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്. കാരണം പശ്ചിമേഷ്യയിലെ ഇറാൻ – ഇസ്രയേൽ – അമേരിക്ക യുദ്ധം തന്നെ. ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഇനിയും വലിയ വർധനവിന് കാരണമാകും. വിമാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി, മിഡിൽ ഈസ്റ്റിൽ പല സർവീസുകളും നിലച്ചതും തിരിച്ചടിയായി.
അയാട്ടയുടെ കണക്ക് പ്രകാരം ആഗോള തലത്തിൽ യാത്രക്കാരുടെ എണ്ണവും ഡിമാൻഡും കുറഞ്ഞു. 3.46 ശതമാനമാണ് കുറവ്. മിഡിൽ ഈസ്റ്റ് വിമാന കമ്പനികൾക്ക് ഡിമാൻഡിൽ 46.6 ശതമാനമാണ് ഇടിവ്. ഇതും നേരിട്ട് അനുഭവിക്കേണ്ടി വരിക പ്രവാസികൾതന്നെ.












