കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് വി.ഡി സതീശൻ. എ.കെ ആന്റണിയുടെ അനുഗ്രഹം തേടാനും നന്ദി അറിയിക്കാനുമാണ് സതീശൻ എത്തിയത്. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണമായി പിന്താങ്ങുന്നതായും, സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു. അധികാരത്തിലേറുന്നവരെ ആർപ്പുവിളിക്കുകയും പിന്നീട് അതേ വ്യക്തികൾക്കെതിരെ തന്നെ കല്ലെറിയുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവണത കേരളത്തിൽ ആവർത്തിക്കരുതെന്നും ആന്റണി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും, ഖജനാവ് കാലിയായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ആന്റണി ചൂണ്ടിക്കാട്ടി. അതിനാൽ, പുതിയ മുഖ്യമന്ത്രിയിൽ നിന്ന് തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പുതിയ സർക്കാരിന് ആവശ്യമായ സാവകാശം നൽകണമെന്നും, കയ്പേറിയ തീരുമാനങ്ങൾ എടുക്കാൻ സതീശന് നിർബന്ധിതനാകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2001-ൽ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ലഭിച്ച മാധ്യമപിന്തുണയും ജനപ്രീതിയും കാലക്രമേണ നഷ്ടപ്പെട്ട സാഹചര്യവും അദ്ദേഹം അനുസ്മരിച്ചു.











