Home ഇന്ത്യ ലോകത്തിലെ ഏറ്റവും ചൂടുള്ള 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിൽ ; കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും ചൂടുള്ള 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിൽ ; കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്

67
0

ഇന്ത്യ ആഗോള ഉഷ്ണതരംഗത്തിന്റെ പ്രഭവകേന്ദ്രമായി മാറുന്നതായി റിപ്പോർട്ട്. ഏപ്രിൽ 21-ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 20 സ്ഥലങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്. ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് താപനില അതിരൂക്ഷമായി തുടരുന്നത്. ബീഹാറിലെ ഭാഗൽപൂർ, ഒഡീഷയിലെ താൽച്ചർ, പശ്ചിമ ബംഗാളിലെ അസൻസോൾ എന്നീ നഗരങ്ങളാണ് 44 ഡിഗ്രി സെൽഷ്യസുമായി പട്ടികയിൽ ഒന്നാമതെത്തിയത്. ബീഹാറിലെ ബെഗുസാരായ്, മോത്തിഹാരി, മുംഗർ, ഭോജ്പൂർ, സിവാൻ എന്നീ നഗരങ്ങളിലും ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗങ്ങളിലും 43 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പട്ടികയിൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഏക സ്ഥലം നേപ്പാളിലെ ലുംബിനി മാത്രമാണ്.

ഏപ്രിൽ 22 മുതൽ ഏപ്രിൽ 24 വരെ രാജ്യത്ത് കടുത്ത ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സാധാരണയായി താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമ്പോഴാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഭൂമി വേഗത്തിൽ ചൂടാകുന്നതും ആകാശം മേഘാവൃതമല്ലാത്തതിനാൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതും താപനില വർദ്ധിക്കാൻ കാരണമാകുന്നു. കൂടാതെ, ഹിമാലയത്തിലും യുറേഷ്യയിലും ശൈത്യകാലത്ത് മഞ്ഞു വീഴ്ച കുറഞ്ഞത് ഭൂമിയിൽ നിന്നുള്ള താപ വികിരണത്തെ ബാധിക്കുകയും ചൂട് കൂടാൻ ഇടയാക്കുകയും ചെയ്തു.

പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റും മേഘരൂപീകരണത്തെ തടയുന്നതും ഉഷ്ണതരംഗത്തിന് ആക്കം കൂട്ടുന്നു. വടക്കൻ, മധ്യ, കിഴക്കൻ ഇന്ത്യ കടുത്ത ചൂടിൽ ഉരുകുമ്പോൾ, ദക്ഷിണേന്ത്യയുടെയും വടക്കുകിഴക്കൻ ഇന്ത്യയുടെയും ചില ഭാഗങ്ങളിൽ ഈർപ്പമുള്ള കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായാണ് വിദഗ്ധർ ഈ കടുത്ത ചൂടിനെ വിലയിരുത്തുന്നത്. വരും ആഴ്ചകളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Previous articleമുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; സർക്കാരുമായി പൂർണ്ണമായി സഹകരിക്കുമെന്ന് സണ്ണി ജോസഫ്
Next articleമാതൃദിനാഘോഷം ; സ്വിസ്മിനിയേച്ചറിലേക്ക് ഏകദിന വിനോദയാത്രയുമായി ‘ബി ഫ്രണ്ട്സ് വിമൻസ് ഫോറം’

Leave a Reply