മെൽബൺ : ആഗോളതലത്തിൽ ശ്രദ്ധനേടിയ ‘തച്ചൻ’ എന്ന നാടകത്തിന് ശേഷം കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ 39-ാമത് നാടകമായ ‘മറിയം’ (Mariyam: The Mother of God) ഓസ്‌ട്രേലിയൻ വേദികളിലെത്തിക്കുന്നു. സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിലാണ് പര്യടനം സംഘടിപ്പിക്കുന്നത്. 2026 സെപ്റ്റംബർ 11 മുതൽ നവംബർ എട്ട് വരെയാണ് നാടകം ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നത്.
പരിശുദ്ധ മാതാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ബൈബിൾ നാടകം രചിച്ചിരിക്കുന്നത് ഹേമന്ത് കുമാറാണ്. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന നാടകത്തിന്റെ നിർമ്മാണം ഫാ. ജോസഫ് കൊച്ചുവീട്ടിലാണ്. മുൻപ് അവതരിപ്പിക്കപ്പെട്ട ‘തച്ചൻ’ എന്ന നാടകം ഓസ്‌ട്രേലിയയിൽ വൻ വിജയമായിരുന്നു. ആ വിജയത്തുടർച്ചയും പ്രേക്ഷകരുടെ താല്പര്യവും പരിഗണിച്ചാണ് പുതിയ നാടകവുമായി സംഘം വീണ്ടും വിദേശയാത്രയ്ക്കൊരുങ്ങുന്നത്.
സ്വദേശത്തും വിദേശത്തുമായി നിരവധി വേദികൾ പിന്നിട്ട അമല കമ്മ്യൂണിക്കേഷൻസ് മറിയത്തിലൂടെ പുതിയൊരു ദൃശ്യവിസ്മയമാണ് അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.














