മെൽബൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നോർത്തേൺ ടെറിട്ടറി സ്റ്റേറ്റിന്റെ പുതിയ പ്രസിഡന്റായി പോൾ പറോക്കാരനെ നിയമിച്ചു. ഐഒസിയുടെ നാഷനൽ പ്രസിഡന്റ് മനോജ് ഷാരോൺ, കേരള ചാപ്റ്റർ പ്രസിഡന്റ് പി. വി. ജിജേഷ് എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ നിയമിച്ചത്. അദ്ദേഹം ഒഐസിസി നാഷനൽ എക്സിക്യൂട്ടീവ് മെമ്പറും, നോർത്തേൺ ടെറിട്ടറി ജനറൽ കൺവീനറുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന പോൾ കെഎസ്യു, യൂത്ത് കോൺഗ്രസ് സംഘടനകളിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ന്യൂസീലൻഡിലായിരുന്നപ്പോൾ ന്യൂ പ്ലിമത്ത് എന്ന സ്ഥലത്തെ മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്നു. ഹാമിൽട്ടൺ എന്ന സ്ഥലത്തെ കേരള സമാജത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഗ്ലോബൽ മലയാളി അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാൻ, ഡാർവിൻ സിറോ മലബാർ സെന്റ് പോൾസ് ഇടവക ദേവാലയത്തിലെ കാത്തലിക് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്, ഡാർവിൻ മല്ലു മ്യൂസിക് ക്ലബിന്റെ കോഓർഡിനേറ്റർ, കേരളത്തിൽ അഡ്ലക്സ് സൗത്ത് റസിഡൻസ് അസോസിയേഷന്റെ വിദേശ പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.














