Home ഇന്ത്യ നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ – അപകട ഇൻഷുറൻസ് പരിരക്ഷ ; ഇൻഷുറൻസ്...

നാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ – അപകട ഇൻഷുറൻസ് പരിരക്ഷ ; ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി; എൻറോൾമെൻറ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി

68
0

കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് ഡി ജി എം ജോയ്‌സ് സതീഷ് നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരിക്ക് കൈമാറി. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്പെഷ്യൽ സെക്രെട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചുവെങ്കിലും സമയം നീട്ടി നൽകണമെന്ന് പ്രവാസികളിൽ നിന്നും, പ്രവാസി സംഘടനകളിൽ നിന്നും ആവശ്യം ഉയർന്ന സാഹചര്യത്തിൽ സമയപരിധി 2025 നവംബര്‍ 30 വരെ ദീർഘിപ്പിച്ചതായി പി ശ്രീരാമകൃഷ്ണനും അജിത് കൊളശ്ശേരിയും അറിയിച്ചു .

രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത ഇത്തരമൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 2025 സെപ്തംബർ 22-ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 40 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് അംഗങ്ങൾ എന്ന നേട്ടം കൈവരിച്ചത്. ഇത് ആവേശകരമായ പ്രതികരണമാണ് . കേരളത്തിലെ പ്രവാസി ക്ഷേമ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത വേറിട്ട പദ്ധതികളാണ് പ്രവാസി ക്ഷേമത്തിൽ നമ്മെ വ്യത്യസ്തരാകുന്നതെന്നും പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.

നോർക്ക റൂട്സിലെ ജീവനക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. ഈ കാലയളവിനുള്ളിൽ രണ്ട് ലക്ഷത്തോളം പ്രവാസികേരളീയര്‍ പുതുതായി നോർക്ക പ്രവാസി ഐ.ഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തി. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18, 000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

Previous articleസുഡാനിലെ അക്രമത്തെ അപലപിച്ച് ലിയോ മാർപ്പാപ്പ ; ചര്‍ച്ചയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആഹ്വാനം ചെയ്തു
Next articleമലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അയർലണ്ടിൽ പുതിയ ഇടവക, പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന് തുടക്കമായി

Leave a Reply