ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററില്‍ നിന്നും 2025 ഏപ്രില്‍ 14-ാം തീയതി ആരംഭിച്ച ദി ഗ്രേറ്റ് റോഡ് റൗണ്ട് ട്രിപ്പിന് 2025 ജൂണ്‍ 15 ഞായറാഴ്ച രാവിലെ 8.30 ന് കൂത്താട്ടുകുളം പുതുവേലി ടൗണില്‍ വച്ച് പുതുവേലി പൗരസമിതിയുടേയും, യുണൈറ്റഡ് ക്ലബ്ബിന്റെയും, കരോട്ട് പെരുന്നിലം കൂട്ടായ്മയുടേയും, മിത്രം റെസിഡന്‍സ് അസോസിയേഷന്റെയും മറ്റു കൂട്ടായ്മകളും സംയുക്തമായി സ്വീകരണ സമാപന ചടങ്ങുകള്‍ ഒരുക്കുന്നു. ഏകദേശം 22 രാജ്യങ്ങള്‍ പിന്നിട്ട് കേരളത്തില്‍ എത്തിച്ചേര്‍ന്ന ഈ സാഹസികകാര്‍ യാത്രയുടെ സ്വീകരണ സമാപന ചടങ്ങുകള്‍ കേരളവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. മാഞ്ചസ്റ്ററില്‍ നിന്നും ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഒസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനോഗ്രോ, സെര്‍ബിയ, റൊമാനിയ, ടര്‍ക്കി, ജോര്‍ജിയ, റഷ്യ, ഖസാക്കിസ്ഥാന്‍, ചൈന തുടര്‍ന്ന് നേപ്പാളിലൂടെ സഞ്ചരിച്ച് ഏകദേശം 60 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു. ഏതാനും ദിവസങ്ങളുടെ വിശ്രമങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്നും തിരിച്ച് 2025 ഓഗസ്റ്റ് 20-ാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററില്‍ എത്തുന്ന ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. അനേകായിരം ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ ക്യാന്‍സര്‍ ഹോസ്പിറ്റലായ ക്രിസ്റ്റി ക്യാന്‍സര്‍ ഹോസ്പിറ്റലിന്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമാക്കിയാണ് സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവര്‍ ഈ സാഹസിക കാര്‍ യാത്ര നടത്തുന്നത്. ഈ നാല് സാഹസികരായ യാത്രികരുടെ അനുഭവങ്ങളും, ഓര്‍മ്മകളും നമ്മളോട് കൂടി പങ്കുവയ്ക്കുവാനും അവരുടെ യാത്ര വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടിയുളള ഒരു അവസരമായി കണ്ടുകൊണ്ട് ഈ സ്വീകരണ പരിപാടിയിലേയ്ക്കു ഏവരേയും സ്വാഗതം ചെയ്യുന്നു.











