Home ഇന്ത്യ മുഖ്യമന്ത്രി ഡല്‍ഹിയില്‍: അശ്വിനി വൈഷ്ണവിനെ കണ്ടു; ഗഡ്കരിയുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രി ഡല്‍ഹിയില്‍: അശ്വിനി വൈഷ്ണവിനെ കണ്ടു; ഗഡ്കരിയുമായി കൂടിക്കാഴ്ച

174
0

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടെ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചു. സംസ്ഥാന പദ്ധതിക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സംസ്ഥാനത്തെ നിര്‍ദിഷ്ട മൂന്നാം പാതകളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും അവശേഷിക്കുന്ന പാത ഇരട്ടിപ്പിക്കലുകള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. അങ്കമാലി-കാലടി-എരുമേലി ശബരിപാതയ്ക്ക് എത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്ക് കടക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള മറുപടികളൊന്നും കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടില്ല. അതേസമയം ദേശീയ പാത-66 ലെ തകര്‍ച്ച സംബന്ധിച്ച് കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴ പുറം കടലില്‍ മറിഞ്ഞ എംഎസ്സി എല്‍സ- 3 എന്ന ലൈബീരിയന്‍ ചരക്കു കപ്പലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
നാളെ ഉച്ചയ്ക്കാണ് നിതിന്‍ ഗഡ്കരി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. മലപ്പുറം കൂരിയാടുള്‍പ്പെടെ പാത തകര്‍ന്നതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാകും നടക്കുക. തകര്‍ന്ന സ്ഥലങ്ങളില്‍ ബദല്‍പാത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. നാളെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു എന്നിവര്‍ ഇന്ന് യാത്ര തിരിക്കും. ദേശീയ പാതയുടെ തകര്‍ച്ച സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് ദേശീയ പാതാ അതോറിട്ടി ചെയര്‍മാന്‍ സന്തോഷ് യാദവ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇന്ന് മടങ്ങും. സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാതാ നിര്‍മ്മാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം സംസ്ഥാനത്തെ എന്‍എച്ച്ഐയുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറി എ ജയതിലകുമായും അദ്ദേഹം ചര്‍ച്ച നടത്തി.

Previous articleഅഗസ്തീനിയൻ സന്യാസ സമൂഹാധ്യക്ഷന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലെയോ പാപ്പ
Next articleലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്; ക്യാപ്റ്റന്‍ മലയാളി

Leave a Reply