തിരുവനന്തപുരം : പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങളും പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനുമായി പ്രവാസി കോൺക്ലേവ് ട്രസ്റ്റ്(പിസിടി) പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന് മെമ്മോറാണ്ടം സമർപ്പിച്ചു. വിദേശ മലയാളി സംഘടനകളായ ഫൊക്കാനാ,ഫോമാ,വേൾഡ് മലയാളി കൗൺസിൽ,വേൾഡ് മലയാളി ഫെഡറേഷൻ,ഗോപിയോ,ഐഐഎസ്എസി എന്നിവ സംയുക്തമായി ചേർന്ന് രൂപീകരിച്ച സംഘടനയാണ് പ്രവാസി കോൺക്ലേവ് ട്രസ്റ്റ്. കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളവരാണ് പ്രവാസി സമൂഹമെന്നും അവർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പിസിടി ചെയർമാൻ അലക്സ് വിളനിലം കോശി അഭിപ്രായപ്പെട്ടു.രാജ് ഭവനിൽ ചെന്ന് നേരിട്ട് ഗവർണറെ കണ്ട ശേഷമാണ് നിവേദനം സമർപ്പിച്ചത്.
എൻആർഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, സീനിയർ വൈസ് ചെയർമാൻ ശശി ആർ. നായർ, പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ് പോൾ കറുകപ്പള്ളി, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി കെ. വിജയചന്ദ്രൻ,എൻ. ആർ. ഐ. കൗൺസിൽ വനിതാ വിഭാഗം നേതാക്കളായ ഷൈനി മീരാ,ലൈജു റഹീം എന്നിവരടങ്ങിയ സംഘമാണു ഗവർണറെ സന്ദർശിച്ചത്.കാബിനറ്റ് റാങ്കുള്ള മന്ത്രിയുടെ നേതൃത്വത്തിൽ പ്രവാസിമലയാളികൾക്ക് മാത്രമായൊരു മന്ത്രാലയം സ്ഥാപിക്കുക എന്നുള്ളതാണ് പ്രാഥമികമായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. ബയോമെട്രിക് ഡാറ്റ ഉൾച്ചേർത്ത ഒസിഐ കാർഡ് അവതരിപ്പിക്കുന്നത് പ്രവാസികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാനുള്ള മാർഗമായി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ സുരക്ഷിതവും ചിലവുകുറഞ്ഞതുമായ താമസത്തിനും വിനോദയാത്രകൾക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്.
പ്രായമായ ശേഷം നാട്ടിൽ കഴിയാൻ ആഗ്രഹിക്കുന്ന പ്രവാസിമലയാളികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പെൻഷനുകൾ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, മെഡികെയർ പോലുള്ള ആരോഗ്യ സേവനങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിൽ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ അനാവശ്യമായി മരവിപ്പിക്കുന്നത് തടയാൻ അധികാരപ്പെട്ടവർക്ക് നിർദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ബജറ്റ്, പ്രവാസി മലയാളികളുടെ സംഭാവനകളെയും ആവശ്യങ്ങളെയും അവഗണിച്ചതായും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻആർഐ-കളുടെ ക്ഷേമത്തെ അഭിസംബോധന ചെയ്യുന്ന വ്യവസ്ഥകൾ അത്യന്താപേക്ഷിതമാണെന്നും സംഘടനയുടെ ഭാരവാഹികൾ ഓർമ്മപ്പെടുത്തി.











