Home ഓഷിയാന സുഡാനില്‍ കുടുങ്ങി ഇന്ത്യക്കാര്‍, ഭക്ഷണവും വെള്ളവുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍

സുഡാനില്‍ കുടുങ്ങി ഇന്ത്യക്കാര്‍, ഭക്ഷണവും വെള്ളവുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍

273
0

സുഡാനില്‍ അധികാരത്തിനായി സൈന്യവും അര്‍ധസൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ച്‌ ഒരാഴ്ചയായിട്ടും കുടുങ്ങിക്കിടക്കുന്ന നാലായിരത്തിനടുത്ത് ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കാനാകാതെ മോദി സര്‍ക്കാര്‍. സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ നമ്ബരും ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയത് മാത്രമാണ് മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഇടപെടല്‍. വിദേശമന്ത്രി എസ് ജയ്ശങ്കര്‍ സഹായം അഭ്യര്‍ഥിച്ച്‌ സൗദി, യുഎഇ വിദേശമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇരുനേതാക്കളും ഇന്ത്യക്ക് താഴെത്തട്ടില്‍ പ്രായോഗിക പിന്തുണ ഉറപ്പുനല്‍കിയെന്ന് ജയ്ശങ്കര്‍ ട്വീറ്റു ചെയ്തു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ യുഎസ് സര്‍ക്കാരിന്റെയും ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ യുകെ സര്‍ക്കാരിന്റെയും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സുഡാനില്‍ വെടിനിര്‍ത്തല്‍ നീക്കം പാളിയതോടെ ഇന്ത്യക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. തോക്കുധാരികള്‍ റോന്തുചുറ്റുന്നതിനാല്‍ അവശ്യവസ്തുക്കള്‍ക്കായി പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. യുദ്ധമേഖലയില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് ഒരു സഹായവും എത്തിക്കാത്തതിനാല്‍ വിദേശമന്ത്രി എസ് ജയ്ശങ്കറോ സഹമന്ത്രി വി മുരളീധരനോ വിഷയത്തില്‍ ബുധനാഴ്ച പ്രതികരിച്ചില്ല. കര്‍ണാടകത്തില്‍നിന്നുള്ള ഇരുനൂറിനടുത്ത് ഹക്കി പിക്കി ഗോത്രവിഭാഗക്കാര്‍ സുഡാനില്‍ കുടുങ്ങിയതോടെ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായും മാറിയിട്ടുണ്ട്. സുഡാനില്‍ ഇടപെടുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ജയ്ശങ്കര്‍ മറുപടി നല്‍കി. മോദി ഭരണത്തില്‍ അന്തര്‍ദേശീയതലത്തില്‍ ഇന്ത്യ സ്വാധീനം വര്‍ധിപ്പിച്ചെന്ന് സംഘപരിവാര്‍ നിരന്തരം അവകാശപ്പെടുമ്ബോഴാണ് സുഡാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിസ്സഹായരായതെന്ന വിമര്‍ശം പ്രതിപക്ഷം ഉയര്‍ത്തുന്നത്.

സംഘര്‍ഷം അവസാനിക്കുന്നില്ല

വെടിനിര്‍ത്തല്‍ ധാരണ പരാജയപ്പെട്ടതോടെ സംഘര്‍ഷമൊഴിയാതെ സുഡാന്‍. അഞ്ചാംദിനമായ ബുധനാഴ്ചയും സൈനിക–- അര്‍ധസൈനിക വിഭാഗങ്ങള്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഉള്‍പ്പെടെ ഏറ്റുമുട്ടി. രാജ്യത്തിന്റെ വിവിധ ഭാഗത്തായി 270 സാധാരണക്കാര്‍ ഇതുവരെ സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ റിപ്പോര്‍ട്ട്. 2600 പേര്‍ക്ക് പരിക്കേറ്റു. യഥാര്‍ഥ കണക്കുകള്‍ ഉയര്‍ന്നേക്കാം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഖാര്‍ത്തൂം വിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്നാണ് ചൊവ്വ വൈകിട്ട് ആറുമുതല്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്‌എഫും സന്നദ്ധത അറിയിച്ചത്. എന്നാല്‍, ഇരുവശവും പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ വെടിനിര്‍ത്തല്‍ ധാരണ ഫലപ്രാപ്തിയില്‍ എത്തിയില്ല. ഖാര്‍ത്തൂമില്‍ വിവിധയിടത്ത് സ്ഫോടനമുണ്ടായി. കെട്ടിടസമുച്ചയത്തിന് തീപിടിച്ചു. ആശുപത്രികളുടെയടക്കം പ്രവര്‍ത്തനം നിലച്ചു.

Previous articleസംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
Next article‘ഗള്‍ഫ് മാധ്യമം’ കമോണ്‍ കേരള മേയ് 19 മുതല്‍

Leave a Reply