ചിക്കാഗോ : പ്രൗഡഗംഭീര സദസിനെ സാക്ഷി നിര്‍ത്തി ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന് തിരി തെളിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന എന്നു പറയുന്ന ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ പുന്റ കാനയില്‍ കേരളാ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹത്തിനു എക്കാലവും അഭിമാനിക്കാവുന്ന സംഘടനാ മികവാണ് ഫോമാ കണ്‍വെന്‍ഷനിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.ഉരുള്‍പൊട്ടല്‍ മൂലം വന്‍ ദുരന്തമുണ്ടായ വയനാടിന് അടിയന്തിര സഹായം നല്‍കുന്നതിനും പുനര്‍നിര്‍മ്മാണ ശ്രമങ്ങള്‍ക്കായും ഫോമാ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായി അദ്ദേഹം പറഞ്ഞു . ”വയനാടിനോരു കൈത്താങ്ങ്” എന്ന പേരിലുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഈ പദ്ധതി, ദുരിതബാധിതര്‍ക്കായുള്ള അവശ്യവസ്തുക്കളും ധനസഹായവും പുനര്‍ നിര്‍മ്മാണത്തിനായുള്ള വിഭവങ്ങളും നല്‍കുന്നതിന് കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച എല്ലാവര്‍ക്കും ഡോ.ജേക്കബ് തോമസ് നന്ദി രേഖപ്പെടുത്തി.വയനാട് ദുരന്തത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുവാന്‍ ഫോമാ വീടുകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ മന്ത്രി അഡ്വ .മോന്‍സ് ജോസഫ് എം എല്‍ എ അഭ്യര്‍ത്ഥിച്ചു .ഫോമാ പദ്ധതിരേഖയുടെയും,അക്ഷര കേരളം മാസികയുടെയും പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു . .
ഫോമാ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ അവതരിപ്പിച്ചു .മുന്‍ ഡി ജി പി ടോമിന്‍ തച്ചങ്കരി ,റെവ.ഡോ.പോള്‍ പൂവത്തുങ്കല്‍ ,സാജ് ഗ്രൂപ്പ് ചെയര്‍മാന്‍ സാജന്‍ വര്‍ഗീസ് ,ചലച്ചിത്ര സംവിധായകന്‍ കെ മധു,ചലച്ചിത്ര സീരിയല്‍ താരം സാസ്വിക ,ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ജോ.സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍ ,ജോ.ട്രെഷറര്‍ ജെയിംസ് ജോര്‍ജ്,എന്നിവര്‍ പ്രസംഗിച്ചു.കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ് മാലിയില്‍ സ്വാഗതവും ,ഫോമാ ട്രഷറാര്‍ ബിജു തോണിക്കടവില്‍ നന്ദിയും പറഞ്ഞു .ഉത്ഘാടന സമ്മേളനത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടന്നു .











