സിഡ്‌നിയിലെ ചരിത്രപ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ (Sri Venkateswara Temple in Sydney) മഹാ കുംഭാഭിഷേകത്തിന്റെ (Maha Kumbhabhishekam) പരമ്പരാഗത ചടങ്ങ് ദർശിക്കാൻ ആയിരക്കണക്കിന് ഹിന്ദു ഭക്തർ ഹെലൻസ്ബർഗിലെ (NSW)ക്ഷേത്രത്തിൽ ഒത്തുകൂടി. ഇന്ത്യ, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് 15 ഹിന്ദു പുരോഹിതന്മാരും 20,000 ഭക്തരും ഈ ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വെങ്കിടേശ്വര ക്ഷേത്രം.
വേദ തത്വങ്ങൾ (ആഗമ ശാസ്ത്രങ്ങൾ) അനുസരിച്ച് 1978 ൽ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു, ഇത് 1985 ജൂണിൽ ഭക്തർക്കായി തുറന്നുകൊടുത്തു. 2022 ജൂണിൽ, ക്ഷേത്രം ശിലാദേവതകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഉൾപ്പെടുന്ന 3 മില്യൺ ഡോളറിന്റെ നവീകരണം ആരംഭിച്ചു. നൂറുകണക്കിന് സന്നദ്ധ ഭക്തർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് പെയിന്റർമാരും പ്രാദേശിക കരാറുകാരെ സഹായിച്ചു.












