മസ്കത്ത്: സാമൂഹിക വികസനം ഗണ്യമായി വർധിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഒമാനും തുനീഷ്യയും ഒപ്പുവെച്ചു. ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് ബിൻ അവദ് അല്‍ നജറും തുനീഷ്യയുടെ സാമൂഹികകാര്യ മന്ത്രി മാലിക് അല്‍ സാഹിയുമാണ് ഒപ്പുവെച്ചത്.
കുടുംബങ്ങളുടെയും കുട്ടികളുടെയും വികസനം, സംരക്ഷണം, പരിചരണം, ഭിന്നശേഷിക്കാരുടെ പുനരധിവാസവും പിന്തുണയുമാണ് ധാരണപത്രത്തില്‍ വരുന്നത്. പ്രായമായവരുടെ സംരക്ഷണം, ഉല്‍പാദനക്ഷമമായ കുടുംബപദ്ധതികള്‍ക്കുള്ള പിന്തുണ, ഈ കുടുംബങ്ങളുടെ സാമൂഹികവും സാമ്ബത്തികവുമായ ശാക്തീകരണം എന്നിവയും ഇതില്‍പെടും.
സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളുടെ ഓർഗനൈസേഷൻ, സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളുടെ സജീവമാക്കല്‍, അറബ്, പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങളിലെ സംയുക്ത പങ്കാളിത്തം എന്നിവക്കും ധാരണപത്രം ഊന്നല്‍ നല്‍കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും സാമൂഹിക വികസന അനുഭവങ്ങള്‍ ഉയർത്തിക്കാട്ടാനാണ് ഈ സഹകരണ ശ്രമം ലക്ഷ്യമിടുന്നത്. കൂടാതെ, തുടർച്ചയായ സാമൂഹിക പ്രവർത്തക പരിശീലനം, ഗവേഷണം, അനുബന്ധ സന്ദർശനങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും കരാർ സഹായിക്കും.
തുനീഷ്യയിലെത്തിയ ഡോ. ലൈല ബിൻത് അഹ്മദ് ബിൻ അവദ് അല്‍ നജറും പ്രതിനിധി സംഘവും സോഷ്യല്‍ ബ്രീഫിങ് ആൻഡ് ഗൈഡൻസ് സെൻററും സന്ദർശിച്ചു. കുടുംബമോ ഭൗതിക പിന്തുണയോ ഇല്ലാത്ത വ്യക്തികള്‍ക്ക് താമസം, അടിസ്ഥാന പരിചരണം, മെഡിക്കല്‍, മാനസിക സഹായം എന്നിവ നല്‍കി വരുന്നതാണിത്.
ഈ സന്ദർശനവും ധാരണപത്രം ഒപ്പിടലും സാമൂഹിക വികസനത്തില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമാണെന്ന് തുനീഷ്യയിലെ ഒമാൻ അംബാസഡർ എഡോ ഹിലാല്‍ ബിൻ അബ്ദുല്ല അല്‍ സിനാനി പറഞ്ഞു. ഈ വർഷം ആദ്യം മസ്‌കത്തില്‍ നടന്ന ഒമാനി-തുനീഷ്യൻ കമ്മിറ്റി യോഗത്തിന്‍റെ ഫലങ്ങളുമായി ഈ സന്ദർശനം യോജിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












