സംസ്ഥാനത്ത് ജൂണ്‍ 3ന് സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പരിശോധന കർശനമാക്കണമെന്ന നിർദ്ദേശവുമായി എക്സൈസ് കമ്മീഷണർ. സ്ഥിരമായി സ്കൂള്‍ പരിസരത്ത് വന്നുപോകുന്നവരും കറങ്ങി നടക്കുന്നവരും ആയ യുവാക്കളെ നിരീക്ഷിക്കാൻ നിർദ്ദേശിച്ച എക്സൈസ് കമ്മീഷണർ ഇത്തരക്കാരെ കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ ശേഖരിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണോ ഇവരെന്ന് പരിശോധിക്കണമെന്നും ഏതൊക്കെ സ്കൂള്‍ വിദ്യാർത്ഥികളുമായി ഇവർ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി സ്കൂള്‍ പരിസരത്ത് സ്ഥിരമായി ചുറ്റി തിരിയുന്നവർ സ്കൂള്‍ വിദ്യാർഥികളുടെ രക്ഷകർത്താക്കള്‍ ആണോ എന്ന് പരിശോധിക്കണമെന്നും രക്ഷകർത്താക്കള്‍ അല്ലെങ്കില്‍ അവർ അവിടെ വരുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കണം എന്നും എക്സൈസ് വകുപ്പ് മറ്റു വകുപ്പുകളും ആയി ചേർന്ന് നിയമവിരുദ്ധ കാര്യങ്ങള്‍ക്കാണ് ഇവർ വരുന്നത് എങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഓരോ എക്സൈസ് റേഞ്ചിന്റെയും പരിധിയില്‍ വരുന്ന ഹൈസ്കൂള്‍, ഹയർ സെക്കൻഡറി സ്കൂള്‍ എന്നിവയുടെ പട്ടിക ജൂണ്‍ ആറിനകം ശേഖരിക്കണമെന്ന് നിർദ്ദേശിച്ച എക്സൈസ് കമ്മീഷണർ ഓരോ എക്സൈസ് റേഞ്ച് പരിധിയിലെ കുട്ടികളുടെ യൂണിഫോം വിവരങ്ങള്‍ മനസ്സിലാക്കി വെക്കണം എന്നും സ്കൂള്‍ സമയത്ത് യൂണിഫോമില്‍ കറങ്ങി നടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂളുകള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.











