ദോഹ : പരിസ്ഥിതിസൗഹൃദത്തിന്റെ ലോകമാതൃകകൂടിയാകും ദോഹ എക്സ്പോ 2023. വേദിയുടെയും, പവലിനിയകളുടെ രൂപകല്‍പ്പനമുതല്‍ ഫുഡ് കോര്‍ട്ടിലെ ഭക്ഷണപാചകരീതികളുംമുതല്‍ പ്ലാസ്റ്റിക് രഹിതമാക്കി ഹരിത ചാരുതയിലൂടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതാകും ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ഖത്തര്‍ ആഥിതേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോക ഈവന്റ് ആയ എക്‌സ്‌പോ 2023. ഖത്തര്‍ ടൂറിസം (ക്യുടി) ആപ്ലിക്കേഷൻ വിസിറ്റ് ഖത്തറില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, എക്‌സ്‌പോ 2023 ദോഹയിലേക്കുള്ള പ്രവേശനം എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യമായിരിക്കും.
സന്ദര്‍ശകര്‍ക്കായി ഹയ്യ കാര്‍ഡ് ഓപ്ഷൻ നിലവില്‍ വരുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എക്സ്പോ 2023 ദോഹയുടെ ഹയ്യ കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശന നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ദോഹ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂറി വിശദീകരിച്ചു. ആറ് മാസത്തെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്കായി ഖത്തര്‍ ടൂറിസവുമായി സഹകരിച്ചാണ് ഹയ്യ കാര്‍ഡ് എൻട്രി സംവിധാനം നടപ്പിലാക്കുക.
എക്‌സ്‌പോ 2023 ദോഹയില്‍ 80 രാജ്യങ്ങളുടെ പങ്കാളിത്തവും മൂന്ന് ദശലക്ഷം സന്ദര്‍ശകരും ദോഹയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്കാരിക ലാൻഡ്‌മാര്‍ക്കുകള്‍, പൈതൃക സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, ഷോപ്പിംഗ് സ്പോട്ടുകള്‍, ബീച്ചുകള്‍, തെരുവ് കലകള്‍, ഫുഡ് സ്പോട്ടുകള്‍, സാഹസിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന, ഒരു ദിവസം മുതല്‍ ആറ് ദിവസം വരെയുള്ള യാത്രാ പദ്ധതികളും വിസിറ്റ് ഖത്തര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനിടെയാണ് ഹയ്യ കാര്‍ഡ് പുറത്തിറക്കിയത്. ഇത് ടിക്കറ്റ് ഉടമകള്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശനത്തിന് പുറമെ മെട്രോ, ബസ് സേവനങ്ങളിലേക്കും സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. ദോഹ എക്സ്പോയിലെക്കെത്തുന്ന സന്ദര്‍ശകരായ സഞ്ചാരികള്‍ക്ക് ഖത്തറിന്റെ കരുതലാകും ഹയ്യകാര്‍ഡ്.
ഷഫീക് അറക്കല്‍













