ടോക്കിയോ: തെക്കൻ ജപ്പാനിലെ കുമാമോട്ടോയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകന്പത്തിൽ 18 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ചു പേരുടെ മരണകാരണം ഹൃദയസ്തംഭനമാണ്. 62 പേർക്കാണു പരിക്കേറ്റത്. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. കുമാമോട്ടോ നഗരത്തിൽ ഭാഗികമായി തകരുകയും സ്ഫോടനമുണ്ടാകുകയും ചെയ്ത ഷോപ്പിംഗ് മാളിൽനിന്ന് എട്ടു പേരെ പുറത്തെടുത്തെങ്കിലും ഇതിൽ മൂന്നു പേർ മരിച്ചു. ഭൂകന്പത്തിൽ ചിമ്മിനി തകർന്ന പേപ്പർ നിർമാണ ഫാക്ടറിയിൽ അഞ്ചു പേരും മരിച്ചു. ഷോപ്പിംഗ് മാളിലെ മൂന്നു ജീവനക്കാരെക്കൂടി കണ്ടെത്താനുണ്ട്. സ്ഫോടനത്തിനു കാരണം വാതകച്ചോർച്ചയാണെന്നു സംശയിക്കുന്നു. 7.1 തീവ്രതയാണ് ഭൂകന്പം രേഖപ്പെടുത്തിയത്. നൂറിലധികം തുടർചലനങ്ങളുമുണ്ടായി. റോഡുകളും പാലങ്ങളും തകരുകയും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായി. പതിനായിരങ്ങളെ ഒഴിപ്പിച്ചു മാറ്റി.













