വത്തിക്കാൻ സിറ്റി : ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയും കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനും തമ്മിലുള്ള ബന്ധം പ്രതിസന്ധിയിലേക്ക്. സമാധാനത്തിന് ഊന്നൽ നൽകുന്ന മാർപ്പാപ്പയുടെ നിലപാടുകൾ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പെന്റഗൺ വത്തിക്കാൻ പ്രതിനിധിയെ വിളിപ്പിച്ച് താക്കീത് നൽകിയതാണ് റിപ്പോർട്ടുകൾ. യുഎസ് അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി, വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി രൂക്ഷമായ ഭാഷയിൽ സംസാരിച്ചുവെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ സൈനിക കരുത്തിനൊപ്പം നിൽക്കണമെന്നും മാർപ്പാപ്പയുടെ പ്രസംഗങ്ങൾ ശത്രുതാപരമായ സന്ദേശമാണ് നൽകുന്നതെന്നും പെന്റഗൺ കുറ്റപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ വംശജനായ ആദ്യ മാർപ്പാപ്പയായിട്ടും ലിയോ പതിനാലാമൻ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ-യുദ്ധ നയങ്ങളെ കടന്നാക്രമിച്ചിരുന്നു. “യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു” എന്ന അദ്ദേഹത്തിന്റെ പരാമർശം വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചു. അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ വത്തിക്കാൻ, മാർപ്പാപ്പയുട എല്ലാ യുഎസ് യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിലേക്കുള്ള ജെ.ഡി. വാൻസിന്റെ ക്ഷണം നിരസിച്ച അദ്ദേഹം, അഭയാർത്ഥി കേന്ദ്രമായ ലാംപെഡൂസ സന്ദർശിക്കാൻ തീരുമാനിച്ചു. എന്നാൽ, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ അതിശയോക്തിയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.












