കൊച്ചി: മുതിർന്ന സിപിഎം നേതാവും മുൻ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം.സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസില്‍ 22 മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ ആറ് വർഷം ജയില്‍ വാസം അനുഭവിപ്പിച്ചിട്ടുണ്ട്. 1980ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 1929 ജൂണ്‍ 15ന് എറണാകുളം മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനനം. സെന്റ് അല്‍ബർട്ട്സ് സ്കൂളിലും എറണാകുളം മുനവിറുല്‍ സ്കൂളിലുമായി പഠനം. പത്താം ക്ലാസിന് ശേഷം ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. രാഷ്ട്രീയത്തില്‍ സജീവമായി. കൊച്ചി സ്റ്റേറ്റ് സ്റ്റുഡന്റ്സ് ഫെഡറേഷൻ സെക്രട്ടറി ആയിരുന്നു. 1946ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ചേർന്നു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍: അഡ്വ.എംഎല്‍ സജീവൻ, സുജാത, അഡ്വ. എംഎല്‍ അബി, ആശ ലോറൻസ്.












