തിരുവനന്തപുരം: പുതിയ മന്ത്രി ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞ 23ന് ഞായറാഴ്ച വൈകിട്ട് നാലിന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ഓൺലൈനായി അംഗീകരിച്ചു. 500 പേരെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് സത്കാരവും നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് അവധി ദിവസം സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തത്. ഹൈദരാബാദിലുള്ള ഗവർണർ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു. പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപിഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.












